
Ananthu Krishnan 1000 Crore Fraud: നാട്ടിലെ ഏത് ആവശ്യത്തിനും ഓടിയെത്തും, എല്ലാവരെയും സഹായിക്കും; 27കാരന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്തുവകകള്‍
Ananthu Krishnan 1000 Crore Fraud: സാധാരണക്കാര്‍ മാത്രമല്ല, രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 27 കാരനായ അനന്തു കൃഷ്ണന്‍റെ തട്ടിപ്പില്‍ കുരുങ്ങി. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ കീഴില്‍ സീഡ് എന്ന സൊസൈറ്റിയുടെ പേരില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍ മെഷീനും ലാപ്‌ടോപ്പും രാസവളവും സോളാര്‍ പാനലും അനന്തു അതിവിഗ്ദമായി ആസൂത്രണം ചെയ്ത് വിറ്റു. ഇടുക്കി തൊടുപുഴ കുടയത്തൂര്‍ സ്വദേശിയായ അനന്തു ഇത്തരത്തിലൊരു തട്ടിപ്പ് വീരനാണെന്ന് നാട്ടുകാര്‍ക്കാര്‍ക്കും വിശ്വസിക്കാനായില്ല. രണ്ട് വര്‍ഷംകൊണ്ട് അനന്തു കൃഷ്ണന്‍റെ മൂന്ന് കമ്പനി അക്കൗണ്ടുകളിലൂടെ കടന്നുപോയത് 450 കോടി രൂപയാണ്. എന്നാല്‍, തട്ടിപ്പ് നടത്തിയത്, 1000 കോടി രൂപയ്ക്ക് മുകളിലാണ്. രണ്ട് ലക്ഷത്തോളം പേരെ പറ്റിച്ചാണ് അനന്തു ഈ തട്ടിപ്പ് നടത്തിയത്. നാട്ടിലെ ഏത് ആവശ്യത്തിനും എപ്പോള്‍ വേണമെങ്കിലും ഓടിയെത്തുകയും എല്ലാവരെയും സഹായിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കുടയത്തൂര്‍കാര്‍ക്ക് അനന്തു കൃഷ്ണന്‍. മറ്റ് സ്ഥലങ്ങളില്‍ അനന്തു നടത്തുന്ന ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നെന്നും മാധ്യമങ്ങളിലൂടെ തട്ടിപ്പ് പുറത്തുവന്നതോടെയാണ് ഇക്കാര്യങ്ങളെല്ലാം മനസിലായതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അനന്തുകൃഷ്ണന്‍ നാട്ടിലും നല്‍കിയിരുന്നു. ഇവിടെയും സീഡ് സൊസൈറ്റിയുടെ ഓഫീസുണ്ടായിരുന്നു. എന്നാല്‍, നാട്ടില്‍ ആരെയും അനന്തു വഞ്ചിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തട്ടിപ്പ് നടത്തിയ കോടിക്കണക്കിന് രൂപ കൊണ്ട് അനന്തു നിരവധി വസ്തുവകകളാണ് വാങ്ങിക്കൂട്ടിയത്. അനന്തുവിന്‍റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലും ശങ്കരപ്പള്ളിയിലും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. ലക്ഷങ്ങള്‍ വിലവരുന്ന വാഹനങ്ങളും അനന്തു വാങ്ങിക്കൂട്ടിയിട്ടുണ്ട്. എറണാകുളത്ത് മാത്രം അനന്തുവിനെതിരെ 5,000 ത്തിലേറെ പേരാണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. 20 കോടിയിലധികം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് മൂവാറ്റുപുഴയിലും കോതമംഗലത്തുമായി നാല് സംഘടനകള്‍ പരാതി നല്‍കി. മുണ്ടക്കൈ – ചൂരമല്‍മല ദുരന്തബാധിതര്‍ ഉള്‍പ്പെടെ വയനാട്ടില്‍ 1,200ഓളം പേര്‍ കബളിപ്പിക്കപ്പെട്ടു, മാനന്തവാടി താലൂക്കില്‍ 200 പേര്‍ പരാതി നല്‍കി, കണ്ണൂരില്‍ ഒരു കേസില്‍ 350 പേരാണ് പരാതി നല്‍കിയത്, മൂന്നുകോടിയാണ് ഇവര്‍ക്ക് നഷ്ടം, പാലക്കാട് രണ്ട് കേസുകളിലായി 519 പരാതിക്കാരാണുള്ളത്, ആലപ്പുഴയില്‍ മൂന്ന് കേസുകളിലായി 500 പേര്‍ പരാതി നല്‍കി, കോട്ടയത്ത് ഒരു പരാതി, ഇടുക്കിയില്‍ വിവിധ സ്റ്റേഷനുകളിലായി 18 കേസുകളും 303 പരാതികള്‍, കോഴിക്കോട് 98 ആളുകളില്‍ നിന്നായി 72,51300 രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ പണമടച്ച് കാത്തിരിക്കുന്നവരുണ്ടെങ്കിലും പരാതിയുമായി മുന്നോട്ടുവന്നിട്ടില്ല.
Comments (0)