Posted By ashly Posted On

Kuwait Raffle Scam: കുവൈത്തിലെ നറുക്കെടുപ്പ് തട്ടിപ്പ്: പുറത്ത് കൊണ്ടുവന്നത് യുവ പോലീസ് ഉദ്യോഗസ്ഥന്‍, അഭിനന്ദനം

Kuwait Raffle Scam കുവൈത്ത് സിറ്റി: രാജ്യത്തെ നറുക്കെടുപ്പ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന യുവ പോലീസുകാരന് അഭിനന്ദനം. നവാഫ് അൽ-നാസർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കുവൈത്തി സമൂഹത്തിൽ നിന്ന് അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങുന്നത്. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് കഴിഞ്ഞ ദിവസം ഓഫീസിലേക്ക് നേരിട്ട് വിളിപ്പിച്ചണ് ഇദ്ദേഹത്തിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായി പ്രശംസാപത്രം കൈമാറിയത്. ആഭ്യന്തരമന്ത്രാലയത്തിലെ സ്വകാര്യ സുരക്ഷാവിഭാഗത്തിൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി ജോലി ചെയ്യുന്ന ഈ പോലീസുകാരന്‍ വ്യക്തിപരമായി നടത്തിയ അന്വേഷണമാണ് ഇത്രയും വലിയ തട്ടിപ്പ് പുറംലോകം അറിയാൻ ഇടയാക്കിയത്. തന്‍റെ ജോലിയുടെ ഭാഗം അല്ലാതിരുന്നിട്ടും സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ട വിവരങ്ങൾ രാജ്യതാത്പര്യം മുൻനിർത്തി ആഭ്യന്തര മന്ത്രാലയത്തിന് ഇദ്ദേഹം കൈമാറി. ഹല ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ എട്ടാമത്തെ നറുക്കെടുപ്പിലെ ഭാഗ്യ പരീക്ഷണത്തിന് കൂപ്പണുകൾ നിക്ഷേപിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന ആയിരങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹവും. ഇത് കൊണ്ട് തന്നെ നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം ഇദ്ദേഹവും വീക്ഷിച്ചിരുന്നു. നറുക്കെടുപ്പ് നടത്തിയ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്റെ സംശയകരമായ ചില നീക്കങ്ങൾ ദൃശ്യങ്ങൾ വഴി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നറുക്കെടുപ്പ് വീഡിയോ ആവർത്തിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്. ഇതോടെ നറുക്ക് ലഭിച്ച കൂപ്പണിൽ ഉദ്യോഗസ്ഥൻ തിരിമറി നടത്തുന്നത് വ്യക്തമായി. വലത് കൈപ്പത്തിയിൽ മുറുകെ പിടിച്ച പേനയുമായി ഇടതു കൈ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥൻ നറുക്കെടുപ്പ് നടത്തിയത്. ഇതിനുശേഷം തന്‍റെ വലതു കൈപത്തിയിൽ പിടിച്ച പേനയോടൊപ്പം നേരത്തെ ഒളിപ്പിച്ച മറ്റൊരു കൂപ്പൺ ഇടതു കയ്യിലേക്ക് മാറ്റുകയും നറുക്ക് വീണ യഥാർഥ കൂപ്പൺ, സൂത്രത്തിൽ കുപ്പായത്തിന്റെ വലതു കൈയിൽ ഒളിപ്പിക്കുകയുമായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT വലതു കയ്യിൽ പിടിച്ച പേന ഇടതു കയ്യിലേക്ക് മാറ്റുകയാണെന്ന് സ്വാഭാവികമായി തോന്നിപ്പിക്കുന്ന രീതിയിലാണ് ഇരു കൂപ്പണുകളും ഇയാൾ ഇരു കൈകളിൽ നിന്ന് പരസ്പരം മാറ്റിയത്. ഈ സമയത്ത് ഉദ്യോഗസ്ഥന്റെ മുഖത്ത് പരിഭ്രാന്തി പ്രകടമായിരുന്നു.നറുക്കെടുപ്പിൽ പങ്കെടുത്ത സംഘാടകർക്കൊപ്പമുള്ള ഫോട്ടോഷൂട്ടിനി ടയിൽ ക്യാമറയിൽ നോക്കാതെയുള്ള ഇയാളുടെ നിൽപ്പും ദൃശ്യങ്ങളിൽ താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും നവാഫ് അൽ നാസർ അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ തന്റെ അമ്മാവനും കൂടെയുണ്ടായിരുന്നു. ദൃശ്യങ്ങളിലെ തന്റെ നിഗമനങ്ങൾ അദ്ദേഹവും അംഗീകരിച്ചു. ഇതോടെയാണ് അധികൃതരെ വിവരം അറിയിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഈ വിവരം മറ്റു ചിലരുമായി പങ്കുവെച്ചെങ്കിലും നിരുത്സാഹപ്പെടുത്തി. ജോലിയുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യമായതിനാൽ വിഷയത്തിൽ ഇടപെടെണ്ടതില്ലന്നായിരുന്നു അവരുടെ വാദം. ഒടുവിൽ രാജ്യ താല്പര്യം മുൻനിർത്തി ആഭ്യന്തര മന്ത്രാലയത്തിന് വിവരം കൈമാറാൻ തീരുമാനിച്ചു. ഇതേതുടര്‍ന്ന്, വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും വിഷയത്തിൽ സംയുക്ത അന്വേഷണം ആരംഭിക്കുകയും തട്ടിപ്പിന്‍റെ യാഥാര്‍ഥ്യം മനസിലാകുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *