Posted By admin Posted On

രാജ്യത്തെ നടുക്കി ഭീകരാക്രമണം, 27 പേരോളം മരിച്ചെന്ന് റിപ്പോർട്ട്, കൂട്ടമായി നിൽക്കുന്നവർക്ക് നേരെ വെടിവെക്കുകയായിരുന്നു…

രാജ്യത്തെ നടുക്കി ജമ്മു കശ്മീരിൽ ഭീകരാക്രമണം. പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയാണ് ഭീകരാക്രമണം നടത്തിയത്. അനവധി പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രാജസ്ഥാനിൽ നിന്നെത്തിയ 20 വിനോദസഞ്ചാരികൾക്കാണ് പരുക്കേറ്റത്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഭീകരാക്രമണം അപലപനീയവും ഹൃദയഭേദകവുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
വിനോദസഞ്ചാരികൾ മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസൺ ആണിപ്പോൾ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *