
Traffic Law in Kuwait: കുവൈത്ത്: വാഹനമോടിക്കുന്നവരെ ശ്രദ്ധിച്ചോ, നിങ്ങള്‍ നിരീക്ഷണത്തിലാണ്, ‘1,109 ക്യാമറകള്‍’
Traffic Law in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ജനുവരിയിലാണ് ഗതാഗത നിയമം ഭേദഗതി ചെയ്തത്. നിയമലംഘകര്‍ക്ക് പിഴ തുക വര്‍ധിപ്പിച്ചും ജയില്‍ ശിക്ഷ ഉള്‍പ്പെടുത്തിയുമാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും ഗതാഗത അപകടങ്ങള്‍ കുറയ്ക്കാനുമാണ് കടുത്ത പിഴയും ശിക്ഷയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമം സ്വദേശി – വിദേശി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ് പറഞ്ഞു. പുതിയ നിയമത്തില്‍ പ്രധാനമായും ആര്‍ട്ടിക്കിള്‍ 6, 8, 14, 22, 24, 33, 34, 35, 36, 38 എന്നിവയാണ് വാഹനമോടിക്കുന്നവരുമായി ബന്ധപ്പെട്ടത്. ഇതില്‍ ആര്‍ട്ടിക്കിള്‍ 38-പ്രകാരമുള്ള ലംഘനങ്ങൾക്കാണ് കടുത്ത ശിക്ഷ. മദ്യപിച്ചോ, ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാല്‍ രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒപ്പം, 2000 മുതല്‍ 5000 ദിനാര്‍വരെ പിഴയും നല്‍കേണ്ടി വരും. ലഹരി പദാര്‍ഥങ്ങള്‍ മൂലമുണ്ടാകുന്ന അപകട നഷ്ടങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ്, പിഴ 2000 മുതല്‍ 3000 വരെ. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുകയോ, ഓടിക്കാന്‍ ശ്രമിക്കുന്നതോ ആയ കേസുകളില്‍ പിടികൂടിയാല്‍ ഒന്ന് മുതല്‍ രണ്ടുവര്‍ഷം വരെ തടവ് അനുഭവിക്കണം. അല്ലെങ്കില്‍ 1000 മുതല്‍ 3000 ദിനാര്‍ വരെ പിഴ അടയ്ക്കണം. ഇത്തരത്തില്‍ ഏതെങ്കില്ലും അപകടമുണ്ടായാല്‍, വാഹനങ്ങള്‍ പിടിച്ച് വയ്ക്കാനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ ഉദ്ദ്യോഗസ്ഥര്‍ക്കുമുണ്ട്. വിദേശിയുടെ പേരില്‍ ഒരു വാഹനം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. പുതിയ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കുന്ന വിദേശി, ആദ്യ വര്‍ഷത്തിനുള്ളില്‍ രണ്ട് ലംഘനങ്ങള്‍ നടത്തിയാല്‍ അവ റദ്ദാക്കുന്നതാണ്. ഗതാഗതം നിരീക്ഷിക്കാന്‍ 1,109 കാമറകള്‍ ഉണ്ടാകും. എഐ ക്യാമറകള്‍: ആറാം തലമുറയില്‍പ്പെട്ട എഐ ക്യാമറകള്‍ എല്ലാ പ്രധാന റോഡുകളിലെ വാഹനങ്ങള്‍ നിരീക്ഷിക്കുകയും ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും പോലുള്ള ലംഘനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 പനോരമിക് ക്യാമറകള്‍: 16 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകള്‍ അനധികൃത പാര്‍ക്കിങ് കണ്ടെത്തുക, തിരക്ക് നിരീക്ഷിക്കുക, സിഗ്‌നലുകളില്‍ സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അടക്കം പരിശോധിക്കും. പോയിന്റ്-ടു-പോയിന്റ് ക്യാമറകള്‍: ഇത്തരം ക്യാമറകള്‍ രണ്ട് പോയിന്റുകള്‍ക്കിടയിലുള്ള വാഹനത്തിന്റെ വേഗത അളക്കും. ദൂരം കടക്കാന്‍ എടുക്കുന്ന സമയം അനുവദനീയമായ പരിധിയേക്കാള്‍ കുറവാണെങ്കില്‍ ലംഘനം രജിസ്റ്റര്‍ ചെയ്യും. താത്കാലിക ക്യാമറകള്‍: റോഡ് അറ്റകുറ്റപ്പണികളുടെ സമയത്തോ സ്ഥിരമായ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായ പ്രദേശങ്ങളിലോ വിന്യസിക്കപ്പെടുന്ന ഈ സംവിധാനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നു. മൊബൈല്‍ ക്യാമറകള്‍: പ്രത്യേക വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഈ ക്യാമറകള്‍ ഹൈവേകളിലും പ്രധാന ഇടറോഡുകളിലും കേന്ദ്രീകരിച്ച് നിരീക്ഷിക്കും. അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ്ങും ഈ ക്യാമറകള്‍ ലക്ഷ്യമിടുന്നു. ഇന്റര്‍സെക്ഷന്‍ ക്യാമറകള്‍: തിരക്കേറിയ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ക്യാമറകള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതില്‍ പരാജയപ്പെടുകയോ, വാഹനം മറ്റ് വരികളിലേക്ക് ‘കുത്തി’കയറ്റുന്നത് പോലുള്ള ലംഘനങ്ങള്‍ കണ്ടെത്തുകയോ ചെയ്യുന്നു. ഹൈവേ നിരീക്ഷണ ക്യാമറകള്‍: വേഗതയ്ക്കും സുരക്ഷാ നിര്‍വഹണത്തിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സംവിധാനങ്ങള്‍ സീറ്റ് ബെല്‍റ്റ് നിയമങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാരുടെയും മുന്‍സീറ്റ് യാത്രക്കാരുടെയും ചിത്രങ്ങള്‍ പകര്‍ത്തും. ട്രാഫിക്-സെക്യൂരിറ്റി മോണിറ്ററിങ് ക്യാമറകള്‍: ഈ ക്യാമറകള്‍ ഗതാഗത ചലനങ്ങള്‍ മുഴുവന്‍ സമയവും നിരീക്ഷിക്കുകയും റോഡുകള്‍, റൗണ്ട് എബൗട്ടുകള്‍ എന്നിവടങ്ങളിലെ ലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.
Comments (0)