
Malayali Woman Trapped in Kuwait: ‘ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ വീട്ടുതടങ്കലിലാക്കി, ചികിത്സ നല്‍കിയില്ല’; കുവൈത്തില്‍ ദുരിതത്തിലായി മലയാളി യുവതി
Malayali Woman Trapped in Kuwait പട്ടാമ്പി (പാലക്കാട്): കുവൈത്തില്‍ വീട്ടുതടങ്കലില്‍ ദുരിതജീവിതം നയിച്ച് മലയാളി യുവതി. താന്‍ വീട്ടുതടങ്കലിലാണെന്നും രക്ഷപ്പെട്ട് നാട്ടിലെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവിന് യുവതി വീഡിയോ സന്ദേശമയച്ചു. ജോലിയും വേതനവും നൽകാതെ കുവൈത്തിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായാണ് പട്ടാമ്പി വല്ലപ്പുഴ സ്വദേശിനി ഫസീല (30) വിഡിയോയിൽ പറയുന്നത്. കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം സ്വദേശിനി ജിജി, കാസർകോട് സ്വദേശി ഖാലിദ്, ഇടുക്കി കട്ടപ്പന സ്വദേശി ബിൻസി എന്നിവർ ചേർന്നു തന്നെ കുവൈത്തിൽ എത്തിച്ചതെന്നു ഫസീല പറയുന്നു. നാട്ടിൽ ഹോം നഴ്സിങ് സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണു തിരുവനന്തപുരം സ്വദേശിനി ജിജിയെ പരിചയപ്പെട്ടതെന്നും കുവൈത്തിൽ ജോലി ശരിയാക്കാമെന്നു വാഗ്ദാനം നൽകി പണം കൈപ്പറ്റി ഖാലിദിനെയും ബിൻസിയെയും പരിചപ്പെടുത്തിയെന്നും പീന്നീട് ഇവർ കുവൈത്തിൽ എത്തിക്കുകയായിരുന്നെന്നും ഫസീല പറയുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 കുവൈത്തിൽ എത്തിയതോടെ വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചത്. ആദ്യം ഖാലിദിന്റെ വീട്ടിലും തുടർന്ന് ചില കുവൈത്ത് സ്വദേശികളുടെ വീട്ടിലും എത്തിക്കുകയും ഭക്ഷണവും വിശ്രമവും നൽകാതെ ജോലിയെടുപ്പിക്കുകയും ചെയ്തു. രോഗം ബാധിച്ചപ്പോൾ ചികിത്സപോലും നൽകിയില്ല. ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നും ഫസീല വീഡിയോയില്‍ പറയുന്നു. എംബസിയുമായി ബന്ധപ്പെട്ടപ്പോൾ കുവൈത്തിലെ നിയമമനുസരിച്ച്, എംബസിയിലെത്തിയാൽ രക്ഷിക്കാമെന്നല്ലാതെ ജോലിസ്ഥലത്തെത്തി രക്ഷിക്കാനാവില്ലെന്ന് അറിയിച്ചു. രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നതായി അറിഞ്ഞതോടെ ഇപ്പോൾ ജീവന് ഭീഷണിയുണ്ടെന്നും മരിച്ചാൽ അതിന് ഉത്തരവാദികൾ ജിജിയും ഖാലീദും ബിൻസിയുമാണെന്നും ഫസീല കരഞ്ഞുകൊണ്ട് വീഡിയോ സന്ദേശത്തിൽ പറയുന്നു. കുവൈത്തിലേക്ക് ജോലി വാഗ്ദാനം ചെയ്തു മനുഷ്യക്കടത്താണ് ഇവര്‍ ചെയ്യുന്നതെന്നും അവിടെയെത്തിച്ച് ലക്ഷങ്ങൾ വില പറഞ്ഞ് സ്വദേശികൾക്ക് വിൽക്കുകയാണ് ചെയ്യുന്നതെന്നും ഫസീല വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
Comments (0)